മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന് 164 കോടിയുടെ വികസനം, പദ്ധതി രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് തയാറാക്കിയ 164 കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ മുഖ്യമന്ത്രി പിണറായി വിജയന്, ഫിഷറീസ് വകുപ്പ് മന്ത്രി സജിചെറിയാന്‍ കൈമാറി. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ  പ്രവേശന കവാടത്തില്‍ അടിക്കടി തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.ഡബ്ല്യൂ.പി.ആര്‍.എസിന്റെ നേതൃത്വത്തില്‍ നടത്തിയ മാതൃക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയിരിക്കുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂടി അഭിപ്രായം പരിഗണിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേപുലിമുട്ടിന്റെ നീളം 425 മീറ്റര്‍ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

 ഇതോടൊപ്പം മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണത്തിനായി പുതിയ വാര്‍ഫ്, ലേലപ്പുര, വാട്ടര്‍ടാങ്ക്, വിശ്രമ മുറികള്‍ ടോയ്ലെറ്റ് ബ്ലോക്ക്, കടകള്‍, റോഡിന്റെയും  പാര്‍ക്കിങ് ഏരിയയുടെയും നവീകരണം, വൈദ്യുതീകരണ  ജലവിതരണ പ്രവൃത്തികളുടെ നവീകരണം എന്നീ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ വിശദമായ പദ്ധതി രൂപരേഖ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ്. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം 2020ലാണ് കമ്മീഷന്‍ ചെയ്തത്.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, എം.എല്‍.എമാരായ വി.ജോയി, വി.ശശി, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ് ശ്രീനിവാസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞി മമ്മു പര്‍വത്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അനില്‍കുമാര്‍ ജി.എസ് എന്നിവരും പങ്കെടുത്തു.

error: Content is protected !!