ആനാട് തത്തംകോട് പൈനാപ്പിള്‍ തോട്ടത്തില്‍ ഡ്രോണ്‍ അധിഷ്ഠിത സ്‌പ്രേയിംഗ് നടത്തി

ആനാട് തത്തംകോട് പൈനാപ്പിള്‍ തോട്ടത്തില്‍ ഡ്രോണ്‍ അധിഷ്ഠിത സ്‌പ്രേയിംഗ് നടത്തി. ഐ.സി.എ.ആര്‍ – കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ), മിത്രനികേതന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 15 ഹെക്ടര്‍ പൈനാപ്പിള്‍ കൃഷിയിലാണ് ഡ്രോണ്‍ ഉപയോഗിച്ച് മൂലകങ്ങളുടെ സ്‌പ്രേയിംഗ് നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ഉദ്ഘാടനം നിര്‍വഹിച്ചു. മൂവാറ്റുപുഴ സ്വദേശിയായ പ്രഭാ രാജപ്പന്‍ ആണ് 15 ഹെക്ടര്‍ കൃഷിഭൂമിയില്‍ പൈനാപ്പിള്‍ കൃഷി ചെയ്തുവരുന്നത്. കെ.വി.കെ സീനിയര്‍ സൈന്റിസ്റ്റ് ആന്‍ഡ് ഹെഡ് ഡോക്ടര്‍. ബിനു ജോണ്‍ സാമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഹെക്ടാ കോപ്ടര്‍ ഡ്രോണുകളാണ് പൈനാപ്പിളില്‍ സ്‌പ്രേ ചെയ്യുന്നതിനായി കെ.വി.കെ ഉപയോഗിച്ചത്. വളരെ വേഗതയില്‍ കുറഞ്ഞ അളവിലുള്ള പോഷക ലായനി ചെലവ് കുറച്ച് സ്‌പ്രേ ചെയ്യാന്‍ സാധിക്കുമെന്ന് കെ.വി.കെ അഗ്രികള്‍ച്ചര്‍ എന്‍ജിനീയര്‍ ജി. ചിത്ര പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അശ്വതി രഞ്ജിത്ത്, വാര്‍ഡ് മെമ്പര്‍മാര്‍, ആനാട് കൃഷി ഓഫീസര്‍ ജിതിന്‍, തരിശുഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്യുന്ന ജോയ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!